കോതമംഗലം: ഭക്ഷ്യഭദ്രതാ പദ്ധതികളുടെ നിർവഹണ പുരോഗതി വിലയിരുത്താൻ സംസ്ഥാന ഭക്ഷ്യകമീഷൻ തേര, തലവെച്ചപാറ ഉന്നതികൾ സന്ദർശിച്ചു. കമീഷൻ ചെയർപേഴ്സൺ ഡോ. ജിനു സഖറിയ ഉമ്മൻ, അംഗം അഡ്വ. കെ എൻ സുഗതൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. ഇടമലയാർ ഫോറസ്റ്റ് റേഞ്ച് പരിധിയിലെ തേര, കുട്ടമ്പുഴ റേഞ്ച് പരിധിയിലെ തലവെച്ചപ്പാറ എന്നീ ഗോത്രവർഗ ഉന്നതിയിലെ മുപ്പതോളം കുടുംബങ്ങളുമായി ആശയവിനിമയം നടത്തി. റേഷൻ ഭക്ഷ്യധാന്യങ്ങൾ കൃത്യമായി ലഭിക്കുന്നുവെന്ന് കമീഷന് ബോധ്യമായി. മൂന്നിനും ആറിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികൾക്ക് തലവെച്ചപ്പാറയിലെ അങ്കണവാടിയിൽനിന്ന് പോഷകാഹാരം എത്തിക്കാൻ നിർദേശം നൽകി. ജില്ലാ സപ്ലൈ ഓഫീസർ എസ്. ഒ. ബിന്ദു, പി. എസ് മിനിമോൾ, ഷൈജു വർഗീസ്, വി. പി സജീവ് തുടങ്ങിയവരും കമീഷനൊപ്പം ഉണ്ടായിരുന്നു.

