കെ.എ.സൈനുദ്ദീൻ
കോതമംഗലം കലാ ഓഡിറ്റോറിയത്തിൽ 2025 നവംബർ 8 മുതൽ 14 വരെ കോതമംഗലം ബോധി സംഘടിപ്പിച്ചിരിക്കുന്ന 25-ാമത് സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിൻ്റെ 5-ാം ദിവസമാണ് വള്ളുവനാട് ബ്രഹ്മ യുടെ “പകലിൽ മറഞ്ഞിരുന്നൊരാൾ “എന്ന നാടകം രംഗത്തവതരിപ്പിച്ചത്. നാടകം അവസാനിച്ച് കർട്ടൻ വീണു തുടങ്ങാൻ ആരംഭിച്ചതോടെ ആസ്വാദകരുടെ നീണ്ട കൈയടിയുടെ അകമ്പടിയുണ്ടായി.നമ്മുടെ ജീവിതത്തിൽ സംഭവിക്കേണ്ട ആശയ വിനിമയത്തിൻ്റെ (സംസാരിക്കേണ്ടതിൻ്റെ) ആഴമറിഞ്ഞുള്ള ഒരു ഉപദേശമാണ് നാടകം നൽകുന്ന സന്ദേശം. നിഷ്കളങ്കരായ ഗ്രാമീണരുടെ വിടൽസ് (നുണക്കഥകൾ) പറഞ്ഞു ഫലിപ്പിക്കുന്നതിലുള്ള മിടുക്ക് അഭിനേതാക്കൾ മികച്ചതാക്കി.വിടൽസുകാരായ കഥാപാത്രങ്ങൾ നർമ്മവും അതിശയോക്തിയും ഭാവനയും ശൈലിയും ചേർന്ന് അവതരിപ്പിച്ചതിൽ 100 ശതമാനവും പൂർണതയിലെത്തിച്ചു. വിടൽസുകാരുടെ സംഭാഷണങ്ങളും ശാരീരിക ചലനങ്ങളും ഒന്നിനൊന്ന് മെച്ചമായി. ഒരു നാടൻ ചായക്കടയിൽ നടക്കുന്ന നുണക്കഥകൾ കേട്ടിരിക്കാൻ ചെവി വട്ടം പിടിച്ചാണ് ആസ്വാദകർ സദസിൽ ഇരുന്നത്. തുടക്കത്തിൽ ഏകദേശം അര മണിക്കൂർ നീണ്ട നുണകഥകൾ ഭാവവും സത്യസന്ധതയും ഇഴ ചേർത്ത് അവതരിപ്പിച്ചു. മനസ് തുറന്ന് സംസാരിക്കുകയും ചിരിക്കുകയും ചെയ്യുന്നതിലൂടെ കുടുംബത്തിലും സമൂഹത്തിലും സംഭവിക്കപ്പെടുന്ന മാറ്റമാണ് നാടകത്തിലൂടെ നമ്മെ പരിചയപ്പെടുത്തുന്നത്. നായകന് എന്താണ് സംഭവിച്ചതെന്നത് തുടക്കത്തിൽ നാടക ആസ്വാദകർക്ക് മനസിലായില്ല.തുടർന്ന് മെല്ലെ മെല്ലെ തേനരുവി തുറന്ന് വിടുന്നതു പോലെ നമ്മെ നാടകവുമായി അടുപ്പിച്ചു.നായകൻ്റെ കൂട്ടുകാരനും ഉപദേഷ്ടാവുമായി എത്തുന്ന ഒരു തെരുവുപട്ടി നായക തുല്യമായ കഥാപാത്രമായി മാറി. കുടുംബത്തിൽ നന്നായി പെരുമാറുന്നയാൾക്കേ സമൂഹത്തിലും നന്നായി പെരുമാറാൻ കഴിയൂ എന്ന സത്യ സന്ധമായ ഒരു ഉപദേശമാണ് തെരുവ് പട്ടിയായ കഥാപാത്രം നായകന് നൽകുന്നത്. അത് നമുക്ക് നൽകുന്ന ഉപദേശവും കൂടിയാണ്.ഒരബദ്ധത്തിൽ സംഭവിച്ച മരണത്തിൻ്റെ കുറ്റവാളിയായി നായകനെ സമൂഹം മുദ്രകുത്തുമ്പോൾ അതിൽപ്പെട്ട് ഉഴലുന്ന നായകന് സാമാധനത്തിൻ്റെയും സംസാരത്തിൻ്റെയും ചിരിയുടെയും തിരിച്ചറിവ് നായകനിലൂടെ നൽകി ആസ്വാദകർക്കും നൽകുന്നതിൽ വള്ളുവനാട് ബ്രഹ്മ വിജയം കണ്ടു. നാടകത്തിലെ കഥാപാത്രമാവാൻ ഓരോ ആസ്വാദകനും കൊതി തോന്നിപ്പിക്കുന്ന രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചാണ് നാടക സമിതി നീണ്ട കൈയടി നേടിയത്. ഒരു ലളിതമായ വിഷയം ആസ്വാദകരിൽ എത്തിക്കാൻ തെരഞ്ഞെടുത്ത രീതിയാണ് നാടക സമിതിയുടെ വിജയം. കഥാ പാത്രങ്ങൾക്ക് ജീവൻ നൽകിയവർ നിരന്തരമായി നടത്തിയ റിഹേഴ്സലും അവതരണ ശൈലിയും എവിടെയെങ്കിലും പാളി പോയിട്ടുണ്ടെങ്കിൽ തന്നെ ആസ്വാദകന് അത് തിരിച്ചറിയാനുള്ള അവസരം നഷ്ടപ്പെടുത്തിയാണ് അവർ അരങ്ങ് തകർത്തത്.നാടകത്തിൻ്റെ എല്ലാ രസക്കൂട്ടുകളും ചാലിച്ച് ദൈവീകമായ കല എല്ലാ പെർഫെക്ഷനോടു കൂടി അവതരിപ്പിച്ചതിൽ സംവിധായകനും രചയിതാവിനും
അണിയറ പ്രവർത്തകർക്കും അഭിമാനിക്കാം.കോതമംഗലം ബോധിക്കും വള്ളുവനാട് ബ്രഹ്മക്കും….

