കോതമംഗലം: പെരിയാറിന്റെ തീരത്ത് വനത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന ഇഞ്ചത്തൊട്ടി ഗ്രാമത്തിലേക്ക് കോൺക്രീറ്റ് പാലം നിർമിക്കണമെന്ന പതിറ്റാണ്ടുകളായുള്ള മുറവിളിക്ക് പരിഹാരമായില്ല. ഫണ്ട് അനുവദിച്ച് പലകുറി സർവേയും റിപ്പോർട്ടും പ്രഖ്യാപനവും വാഗ്ദാനവും ഉണ്ടായതല്ലാതെ ഒൻപത് വർഷം പിന്നിട്ടിട്ടും പാലത്തിനായി ഒരു കല്ലിടാൻ പോലും കഴിഞ്ഞില്ല.
കൊച്ചുഗ്രാമത്തിലുള്ളവർക്ക് വാഹനത്തിൽ കോതമംഗലത്ത് എത്തിച്ചേരാൻ 30 കിലോമീറ്റർ സഞ്ചരിക്കണം. പഞ്ചായത്ത് ആസ്ഥാനമായ കുട്ടംപുഴ എത്താൻ 51 കിലോമീറ്റർ വട്ടംകറങ്ങണം. ഇടക്കാലാശ്വാസമായി പെരിയാറിന് കുറുകേ 2012-ൽ തൂക്കുപാലം പണിതെങ്കിലും ഇതുകൊണ്ട് നാട്ടുകാർക്ക് കാര്യമായ പ്രയോജനം ചെയ്തില്ല. തൂക്കുപാലം ടൂറിസത്തിന് വഴിമാറിയപ്പോൾ നാട്ടുകാരുടെ നടപ്പ് വഴിമുട്ടുന്ന അവസ്ഥയിലായി. തൂക്കുപാലത്തിലൂടെ കീരംപാറ പഞ്ചായത്തിലെ ചീക്കോട് എത്തി കോതമംഗലത്തേക്ക് 20 കിലോമീറ്ററോളം ദൂരമേയുള്ളൂ. രാത്രിയിൽ ആശുപത്രിയിലും മറ്റും പോകേണ്ടവരെ തൂക്കുപാലത്തിലൂടെ ചുമന്നുകൊണ്ടുപോയിവേണം വാഹനത്തിൽ എത്തിക്കാൻ.
തൂക്കുപാലത്തിന് സമാന്തരമായി കോൺക്രീറ്റ് പാലം പണിയണമെന്ന മുറവിളി ഉയർന്നപ്പോൾ 2017-ൽ കോൺക്രീറ്റ് പാലം പണിയാൻ 20 കോടി രൂപ അനുവദിച്ചു. തുടർനടപടിക്കായി പൊതുമരാമത്ത് ബ്രിഡ്ജ് ഡിവിഷനുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി എക്സിക്യുട്ടീവ് എൻജിനിയർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ 2018-ൽ മണ്ണ് പരിശോധനയും എസ്റ്റിമേറ്റും പ്ലാനും പ്രോജക്ട് റിപ്പോർട്ടും തയ്യാറാക്കാൻ 5.50 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. എറണാകുളത്തുള്ള ഒരു കമ്പനി സർവേയും മണ്ണുപരിശോധനയും നടത്തി റിപ്പോർട്ടും നൽകി. മാസങ്ങൾക്കുശേഷം അപ്രോച്ച് റോഡിന്റെ സ്ഥാനം ശരിയാക്കുന്നതിന് എസ്റ്റിമേറ്റും പ്ലാനും എടുത്തുപോയതല്ലാതെ ആറുമാസത്തേക്ക് ഒരു നടപടിയും ഉണ്ടായില്ല.
ഇതേത്തുടർന്ന് നാട്ടുകാർ പൊതുമരാമത്തിലേക്ക് നൽകിയ പരാതിയിൽ നടപടി ഉണ്ടാവാതെ വന്നപ്പോൾ മുഖ്യമന്ത്രിക്കും പലകുറി പരാതി നൽകി. വെള്ളപ്പൊക്കത്തിനും കോവിഡിനും ശേഷം പിന്നീട് അനക്കം ഉണ്ടായില്ല.ആദ്യ എസ്റ്റിമേറ്റ് തള്ളിയതിനെ തുടർന്ന് 2020-21 ബജറ്റിൽ 6.20 ലക്ഷം രൂപ ഇൻവെസ്റ്റിഗേഷൻ പ്രവൃത്തിക്ക് അനുവദിച്ചിരുന്നു.
തുക അനുവദിച്ചതല്ലാതെ പ്രവൃത്തിയൊന്നും നടന്നില്ലെന്ന് നാട്ടുകാർ പറയുന്നു. പെരിയാറിന് കുറുകേയുള്ള പാലത്തിന്റെ ഒരുവശം കീരംപാറ പഞ്ചായത്തിലും മറുഭാഗം കുട്ടംപുഴ പഞ്ചായത്തിലുമാണ്.

