കോതമംഗലം: അപകടത്തിൽ പരുക്കേറ്റു റോഡിൽ കിടന്നവർക്കു രക്ഷകരായി സ്വകാര്യബസ് ജീവനക്കാർ. ചേലാട് റോഡിൽ രാമല്ലൂരിനു സമീപം ബൈക്കും പെട്ടി ഓട്ടോയും കൂട്ടിയിടിച്ചു ബൈക്ക് യാത്രികരായ 2 യുവാക്കൾ കുറെനേരം അബോധാവസ്ഥയിൽ റോഡിൽ കിടന്നു. ഇതുവഴിയെത്തിയ വാഹനങ്ങളിലുള്ളവരും റോഡിൽ കിടന്നവരെ ആശുപത്രിയിലെത്തിക്കാതെ പോയി.
ഈസമയം വടാട്ടുപാറയിലേക്കു പോകുകയായിരുന്ന സ്റ്റാർ ബസ് അപകടം കണ്ടു നിർത്തി ജീവനക്കാർ പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചു. വാഹനം ലഭ്യമാകാതെ വിഷമിച്ചു നിൽക്കുമ്പോഴാണു വടാട്ടുപാറയിൽ നിന്നു കോതമംഗലത്തേക്കുള്ള പടിക്കാമറ്റം ബസ് എത്തിയത്. ജീവനക്കാരോടു വിവരം പറഞ്ഞതോടെ പരുക്കേറ്റവരെ കയറ്റി ബസ് ആശുപത്രിയിലേക്കു പാഞ്ഞു. മാലിപ്പാറ സ്വദേശി അനന്തു സോമനും സുഹൃത്തുമാണ് അപകടത്തിൽപെട്ടത്.

