കീരംപാറ: നാലുദിവസത്തെ ഉപജില്ലാ കലോത്സവത്തിന് അരങ്ങുണർന്നു. കീരംപാറ സെയ്ന്റ് സ്റ്റീഫൻസ് എച്ച്എസ്എസ്, സെയ്ന്റ് സ്റ്റീഫൻസ് ജിഎച്ച്എസ് എന്നീ സ്കൂളുകളിലെ എട്ടുവേദികളിലായിട്ടാണ് 70-ഓളം ഇനങ്ങളിൽ മത്സരം നടക്കുന്നത്. വെള്ളിയാഴ്ച സമാപിക്കും. ആദ്യദിനത്തിൽ എൽപി വിഭാഗത്തിൽ 35 പോയിന്റുമായി കടവൂർ ഗവ. എൽപിഎസ്, കൊടമുണ്ട സീതി സാഹിബ് മെമ്മോറിയൽ എൽപിഎസ്, പൈങ്ങോട്ടൂർ സെയ്ന്റ് ജോസഫ്‌സ് എൽപിഎസ്, ചെറുവട്ടൂർ ഗവ. എംഎച്ച്എസ്എസ് എന്നീ വിദ്യാലയങ്ങൾ മുന്നിട്ടു നിൽക്കുന്നു.
യുപി വിഭാഗത്തിൽ കോതമംഗലം ശോഭന ഇഎംഎച്ച്എസ് 10 പോയിന്റ് നേടി മുന്നിലാണ്. ഹൈസ്കൂൾ വിഭാഗത്തിൽ 33 പോയിന്റ് നേടി കോതമംഗലം സെയ്ന്റ് അഗസ്റ്റിൻസ് ജിഎച്ച്എസ്എസ് മുന്നിലാണ്. ഹയർ സെക്കൻഡറി വിഭാഗത്തിൽ 38 പോയിന്റോടെ സെയ്ന്റ് അഗസ്റ്റിൻസ് സ്കൂളാണ് മുന്നിൽ. കലോത്സവം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. എഇഒ കെ.ബി. സജീവ് പതാക ഉയർത്തി. പഞ്ചായത്ത് പ്രസിഡന്റ് എം.പി. ഗോപി അധ്യക്ഷനായി. കലോത്സവ ലോഗോ വിജയി ആൻമരിയ മാത്യുവിനെ അനുമോദിച്ചു.

