കോതമംഗലം: സമുദ്രനിരപ്പിൽ നിന്ന് ആയിരം അടിയിലധികം ഉയരം. വിസ്തൃതമായ പാറക്കെട്ട്. മനംനിറയ്ക്കുന്ന പച്ചപ്പും നീലാകാശവും. പുഴയും മലയും വനവുമെല്ലാം അതിന്റെ ഏറ്റവും ഭംഗിയിൽ നേരിൽ കാണാം. ചിലപ്പോഴൊക്കെ അറബി കടലും കാണാം. മനോഹര കാഴ്ചയാകുന്ന സുര്യോദയവും അസ്തമയവും. നഗരങ്ങളും ഗ്രാമങ്ങളും കെട്ടിട സമുച്ചയങ്ങളും ആരാധാനാലയങ്ങളും ആകാശത്ത് നിന്ന് കാണുന്നപോൽ കണ്ടാസ്വദിക്കാം. ചുട്ടുപൊള്ളുമെന്ന പേടിയില്ലാതെ എപ്പോഴും തണുത്ത കാറ്റിന്റെ തലോടൽ ഏറ്റുവാങ്ങാം. കൊടുംവേനലിൽ പോലും വറ്റാത്ത നീരുറവകൾ. അങ്ങനെ കേരളത്തിന്റെ ടൂറിസം ഭൂപടത്തിലേക്ക് കയറാൻ അനുകൂല സാധ്യതകൾ ഏറെയുണ്ടായിട്ടും കോതമംഗലം അയ്യപ്പൻമുടിക്ക് അധികാരികളിൽ നിന്ന് അവഗണന മാത്രം.

