കോതമംഗലം: കോതമംഗലത്ത് ഇഞ്ചി കർഷകർക്ക് തിരിച്ചടിയായി പൈറിക്കുലാറിയ കുമിൾ രോഗം വ്യാപിക്കുന്നു. ബ്ലോക്കിലെ എല്ലാ പ്രദേശങ്ങളിലും രോഗവ്യാപനം ഉണ്ടായിട്ടുണ്ട്. ഏക്കർ കണക്കിന് സ്ഥലത്തെ കൃഷി അപ്പാടെ നശിക്കുകയും ചെയ്തു. കോട്ടപ്പടി ഭാഗത്താണ് ആദ്യം രോഗവ്യാപനം ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ വിദഗ്ദ്ധരെ കൊണ്ടുവന്ന് നടത്തിയ പഠനത്തിലാണ് പൈറിക്കുലാറിയ രോഗമെന്ന് സ്ഥിരീകരിച്ചത്. ഇലയിൽ പുള്ളിക്കുത്തുകളായാണ് രോഗം പ്രത്യക്ഷപ്പെടുന്നത്. പിന്നീട് അതിവേഗം തണ്ടിലേക്കും ഇഞ്ചിയിലേക്കും വ്യാപിക്കും. രോഗവ്യാപനം കണ്ടെത്തിയാൽ ഉടനടി മരുന്ന് പ്രയോഗിക്കണം. വൈകിയാൽ ഫലമുണ്ടാകില്ല. തുടക്കത്തിലെ മരുന്ന് ചെയ്യാൻ കഴിയാതിരുന്ന കൃഷിയാണ് നശിച്ചിട്ടുള്ളത്. പൈറിക്കുലാറിയ രോഗം നെല്ല്, ഗോതമ്പ് തുടങ്ങിയ മറ്റ് പല വിളകളേയും ബാധിക്കാറുണ്ടെങ്കിലും ഇഞ്ചിക്കൃഷിയെ വ്യാപകമായി പിടികൂടുന്നത് ആദ്യമായാണ്.

