നെല്ലിക്കുഴി: കഴിഞ്ഞ അഞ്ച് വർഷത്തെ നെല്ലിക്കുഴി പഞ്ചായത്ത് ഭരണസമിതിയുടെ പ്രവർത്തനങ്ങൾ ഒരു പരാജയമായിരുന്നുവെന്നും അഴിമതിയുടെ കൂമ്പാരമായിരുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷ നേതാവ് എം വി റെജി, അടിസ്ഥാന സൗകര്യങ്ങൾ, ഭവന പദ്ധതികൾ, പരിസ്ഥിതി വിഷയങ്ങൾ, സാമ്പത്തിക ദുരുപയോഗം എന്നിവയിൽ ഭരണസമിതി പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് രൂക്ഷമായി വിമർശിച്ചു.
ഗ്രാമീണ റോഡുകൾ പൂർണ്ണമായും തകർന്ന് കിടക്കുകയാണ്, കേരളത്തിൽ അറിയപ്പെടുന്ന വ്യവസായ കേന്ദ്രമായ നെല്ലിക്കുഴിയിൽ, ഫർണിച്ചർ വ്യവസായത്തിനായി ഒരു ക്ലസ്റ്റർ നിർമ്മിക്കാമെന്ന് കഴിഞ്ഞ രണ്ട് മൂന്ന് തവണയായി വാഗ്ദാനം നൽകിയിട്ടും നടപ്പിലാക്കിയില്ല. ദിനംപ്രതി നൂറുകണക്കിന് അന്യ സംസ്ഥാന തൊഴിലാളികളും വ്യവസായ ആവശ്യങ്ങൾക്കായി വരുന്ന ആളുകളും എത്തിച്ചേരുന്ന നെല്ലിക്കുഴി കവലയിൽ യാത്രക്കാർക്കായി ഒരു കംഫർട്ട് സ്റ്റേഷൻ (പൊതു ശൗചാലയം) സ്ഥാപിക്കാൻ ഭരണസമിതിക്ക് സാധിച്ചില്ല. ഇത് നാട്ടുകാരുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു.
നെല്ലിക്കുഴി പഞ്ചായത്തിലെ 314 പ്രദേശങ്ങളിലെ വാട്ടർ ടാങ്കിനെ ആശ്രയിച്ച് കഴിയുന്ന ഏകദേശം 10 വാർഡുകളിൽ കുടിവെള്ള വിതരണം മൊത്തത്തിൽ മുടങ്ങുകയാണ്. മൂവാറ്റുപുഴ നിരപ്പിൽ നിന്നാണ് ടാങ്കുകളിലേക്ക് വെള്ളം പമ്പ് ചെയ്യുന്നത്. യഥാസമയം പമ്പിംഗ് നടക്കാത്തതാണ് ഇതിന് കാരണം, ഇതുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും എടുത്തിട്ടില്ലെന്നും റെജി ആരോപിച്ചു.
ലൈഫ് ഭവന പദ്ധതിയിൽ, 2020 ലെ ലിസ്റ്റ് പ്രകാരം വീടിന് അർഹതയുള്ള 650 ഓളം പേരുണ്ടായിട്ടും, 200 പേർക്ക് താഴെ മാത്രമേ വീട് നൽകാൻ കഴിഞ്ഞിട്ടുള്ളൂ. വീടും സ്ഥലവുമില്ലാത്ത ഏകദേശം 450 ഓളം അപേക്ഷകരുണ്ട്. ഭൂരഹിത ഭവനരഹിതർക്ക് ഭൂമി വാങ്ങിച്ചു കൊടുക്കുന്നതിനായി ഒരാൾക്ക് പോലും ഒരു രൂപയുടെ സഹായം പോലും ചെയ്തു കൊടുത്തില്ല. സ്വന്തമായി ബാക്കി തുക കണ്ടെത്തി ഭൂമി വാങ്ങുന്നതിനായി അവർക്ക് കുറഞ്ഞത് രണ്ട് ലക്ഷം രൂപയെങ്കിലും നൽകണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും അധികൃതർ അത് ശ്രദ്ധിക്കാതെ മുന്നോട്ട് പോയി.
വൻകിട അഴിമതി ആരോപണങ്ങൾ
- 2015-20 ഭരണസമിതിയുടെ കാലഘട്ടത്തിൽ ഒന്നര കോടി രൂപ മുടക്കി മോടി പിടിപ്പിച്ച പഞ്ചായത്ത് ഓഫീസ് പൊളിച്ചു മാറ്റി, പുതിയത് നിർമ്മിക്കുന്നതിനായി ഏകദേശം അഞ്ച് കോടി രൂപയാണ് മാറ്റി വെച്ചിട്ടുള്ളത്. ഇത് വ്യക്തമായ അഴിമതിയാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
- പഞ്ചായത്തിലെ ഒന്നാം വാർഡിൽ പാടൂർമോളം എന്ന പ്രദേശത്ത് ഇലാഹിയ ട്രസ്റ്റിന്റെ കീഴിലുണ്ടായിരുന്ന 35 ഏക്കർ സ്ഥലത്തിൽ 6.5 ഏക്കർ എന്നാൽ, പഞ്ചായത്ത് കമ്മിറ്റി അറിയാതെ ഈ ആറര ഏക്കർ സ്ഥലം ‘വ്യവസായ പാർക്ക്’ എന്ന ലേബലിൽ ബിനാമി ഇടപാടിലൂടെ മറിച്ചു വിൽക്കാൻ ഡെവലപ്‌മെന്റ് പെർമിറ്റ് നൽകി. പ്രശ്‌നങ്ങൾ ഉണ്ടാക്കി നിരന്തര സമരം നടത്തിയതിനെ തുടർന്ന് പെർമിറ്റ് റദ്ദാക്കിയെങ്കിലും, ഭൂമി ഏറ്റെടുത്ത് വിതരണം ചെയ്യാനുള്ള പഞ്ചായത്ത് കമ്മിറ്റി തീരുമാനം ഇതുവരെ നടപ്പിലാക്കിയില്ല.
- നെല്ലിക്കുഴി പഞ്ചായത്ത് യു പി സ്കൂളിനെ ഹൈസ്കൂളായി ഉയർത്തിയെങ്കിലും, മതിയായ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാൽ കുട്ടികൾ പിരിഞ്ഞുപോവുകയും സ്കൂൾ അടച്ചുപൂട്ടലിന്റെ വക്കിലെത്തുകയും ചെയ്തു.
- ‘ക്ലീൻ നെല്ലിക്കുഴി’ പദ്ധതി പ്രകാരം, രണ്ടാം വാർഡിലെ കല്ലിങ്കൽ രാജുവിന്റെ പാറമടയിൽ ആശുപത്രി മാലിന്യം ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൊണ്ടുപോയി തള്ളി. പരാതി നൽകിയിട്ടും, എംഎൽഎ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി മാലിന്യം നീക്കം ചെയ്യുമെന്ന് പ്രസ്താവന നടത്തിയിട്ടും, കക്ഷിയുമായിട്ടുള്ള ‘അഡ്ജസ്റ്റ്‌മെന്റിൽ’ പൈസ വാങ്ങിയശേഷം ഒരു കൊട്ട മാലിന്യം പോലും നീക്കം ചെയ്യാൻ നാളിതുവരെ സാധിച്ചിട്ടില്ല.
- ഇരമല്ലിയൂർ ചിറയുടെ ബണ്ടിൽ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതിന്റെ ഫലമായി ചിറയുടെ പാർശ്വഭിത്തികൾ ഇടിഞ്ഞു വീണിരുന്നു. ഇത് പുനർനിർമ്മിക്കാനും മോടിപിടിപ്പിക്കാനുമായി കോടിക്കണക്കിന് രൂപ ചെലവഴിച്ചത് അഴിമതിക്കും ദുർവിനിയോഗത്തിനും വേണ്ടിയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
പെൻഷൻ അപേക്ഷകൾ ഉൾപ്പെടെ നിരവധി വ്യക്തിഗത ആനുകൂല്യങ്ങൾ അർഹതപ്പെട്ടവർക്ക് വിവിധ കാരണങ്ങളാൽ നിരസിക്കപ്പെട്ടതായും പ്രതിപക്ഷം ആരോപിക്കുന്നു. പ്രതിപക്ഷത്തിന്റെ വിലയിരുത്തലിൽ, റോഡ്, കുടിവെള്ളം, പാർപ്പിടം, വ്യവസായം, കംഫർട്ട് സ്റ്റേഷൻ തുടങ്ങിയ എല്ലാ പ്രധാന വിഷയങ്ങളിലും ഭരണസമിതി പരാജയപ്പെട്ടു.

