കോതമംഗലം
നേര്യമംഗലം വനംറേഞ്ചിലെ ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ പുതുതായി നിർമിച്ച വൈദ്യുതിവേലി നാടിന് സമർപ്പിച്ചു. 36 ലക്ഷം രൂപ ചെലവഴിച്ചാണ് 11 കിലോമീറ്റർ ദൂരത്തിൽ വേലി നിർമിച്ചത്. ഇഞ്ചത്തൊട്ടി മേഖലയിൽ അതിരൂക്ഷമായ മനുഷ്യ–വന്യജീവി സംഘർഷംകൊണ്ട് ജനങ്ങളും കർഷകരും പൊറുതിമുട്ടിയിരുന്നു. ജനങ്ങളുടെ സ്വൈര്യസഞ്ചാരത്തിന് ഭീഷണിയാകുകയും അതിരാവിലെ ടാപ്പിങ്ങിനും മറ്റു ജോലികൾക്കും പോകേണ്ട തൊഴിലാളികൾക്ക് കാട്ടാനശല്യംമൂലം സ്വസ്ഥമായി യാത്ര ചെയ്യുന്നതിനും ഭയരഹിതമായി ജോലി ചെയ്യുന്നതിനും പറ്റാത്ത അവസ്ഥയായിരുന്നു. ഈന്തലുംപാറ തുടങ്ങി നേര്യമംഗലം റേഷൻകടപ്പടിവരെയുള്ള ദൂരത്തിൽ നാലു ഭാഗങ്ങളായി 11 യൂണിറ്റുകളായാണ് സൗരോർജവേലി നിർമിച്ചിരിക്കുന്നത്. നീർച്ചാലുകളും ചതുപ്പും വരുന്ന സ്ഥലങ്ങളിൽ 730 മീറ്റർ തൂക്കുവേലിയും 39 ഇടങ്ങളിലായി ആനത്താരകളിൽ ഗേറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. മിനി മനോഹരൻ അധ്യക്ഷയായി. മൂന്നാർ ഡിഎഫ്ഒ സാജു വർഗീസ്, എസിഎഫ് എൻ ടി സിബിൻ, കെ കെ ഗോപി, ഇന്ദു നായർ, പ്രിയമോൾ തോമസ്, സാം കെ ജെയിംസ്, എം എച്ച് ജസീന, ഫാ. ബേസിൽ ജോസഫ് എന്നിവർ സംസാരിച്ചു. മുഖ്യമന്ത്രിയുടെ സംസ്ഥാന മെഡലിന് അർഹരായ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജി ജി സന്തോഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ എം ദിലീപ്കുമാർ എന്നിവരെ ആദരിച്ചു.

