കീരംപാറയുടെ വികസന ചരിത്രത്തിൽ ഒരിക്കലും മറക്കാനാകാത്ത കാലഘട്ടം സമ്മാനിക്കാനായതിന്റെ ചാരിതാർത്ഥ്യത്തിലാണ് ഭരണകക്ഷിയായ യുഡിഎഫ്. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം ഉച്ച വരെയെന്നുള്ളത് ഉയർത്തി വൈകിട്ട് വരെയാക്കി മാറ്റിയത് ജനങ്ങൾക്ക് ഉപകാരപ്രദമായി. ഭരണസമിതി അധികാരത്തിലേറിയ ശേഷം 10 ലക്ഷത്തോളം രൂപ മരുന്നുകൾക്കായി മാറ്റി വെച്ചു. എല്ലാ മരുന്നുകളും ആശുപത്രിയിൽ തന്നെ ലഭ്യമാക്കാനുള്ള നടപടിയും സ്വീകരിച്ചു. പാലമറ്റം, കാഞ്ഞിരക്കുന്ന്, നാടുകാണി സബ്സെന്ററുകളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി.
സമ്പൂർണ്ണ കുടിവെള്ള പദ്ധതികൾക്ക് രൂപം നൽകാനായതും ഭരണസമിതി എടുത്തു പറയുന്ന നേട്ടങ്ങളിൽ ഒന്നാണ്. പൊതു ജനം സ്വപ്നം കണ്ട വനത്തിൽ കൂടിയുള്ള നിരവധി വഴികൾ ടാർ ചെയ്തും, കോൺക്രീറ്റ് ചെയ്തും, കട്ടകൾ വിരിച്ചും സഞ്ചാര യോഗ്യമാക്കി. പുന്നേക്കാട് ഷാപ്പുംപടി ഏരിയയിലെ വോൾട്ടേജ് ഷാമം പരിഹരിക്കാൻ വനത്തിൽ കൂടി പോസ്റ്റ് സ്ഥാപിച്ച് പുതിയ ലൈൻ ചാർജ് ചെയ്തു.
വന്യമൃഗ ശല്യത്തിനെതിരെ നടത്തിയ നിരന്തര പോരാട്ടത്തിന്റെ പേരിലും ഭരണസമിതി പേരുകേട്ടിരുന്നു. തട്ടേക്കാട് വനാതിർത്തിയിൽ ഹാങ്ങിംഗ് ഫെൻസിങ് പ്രവർത്തനങ്ങളും നടന്നു വരുന്നു. വന്യമൃഗങ്ങൾ ചത്ത് കഴിയുമ്പോൾ മണ്ണെണ്ണ, ഡീസൽ, പെട്രോൾ എന്നിവ ഒഴിച്ച് കുഴിച്ച് മൂടുന്ന വനംവകുപ്പിന്റെ കഴിഞ്ഞ 52 കൊല്ലമായി തുടരുന്ന പ്രകൃതി വിരുദ്ധ നടപടികൾ കേരളത്തിൽ ആദ്യമായി അവസാനിപ്പിച്ചെന്ന ഖ്യാതിയും ഇവർക്ക് സ്വന്തമാണ്.
ഇതിന് പുറമേ, സ്മാർട്ട് അംഗനവാടികൾ, ആശുപത്രിക്ക് പാലിയേറ്റീവ് വാഹനങ്ങൾ, മാലിന്യ നിർമ്മാർജ്ജനം, വൈദ്യുതി വിച്ഛേദനം, വോൾട്ടേജ് ക്ഷാമം, എന്നിവയ്ക്കെല്ലാം പരിഹാരം കണ്ട് വികസനമെത്തിക്കാൻ പഞ്ചായത്ത് ഭരണസമിതിയ്ക്ക് സാധിച്ചു. ചെയ്ത പ്രവർത്തികളിൽ ആത്മവിശ്വാസം ഉൾക്കൊണ്ട് വരും തെരഞ്ഞെടുപ്പിനായി തയാറാടുക്കുകയാണ് ഇവർ.

