പല്ലാരിമംഗലം ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിൽ സമഗ്ര വികസനം നടത്തിയതായി ഭരണകക്ഷികളായ എൽഡിഎഫ്. വിദ്യാഭ്യാസ മേഖലയുടെ സുവർണ്ണ കാലഘട്ടമായിരുന്നു കഴിഞ്ഞ അഞ്ച് വർഷങ്ങളെന്നാണ് പാർട്ടി അവകാശപ്പെടുന്നത്. സമസ്ത മേഖലയിലെ വികസനങ്ങൾക്ക് മുന്നോക്കം നൽകിയായിരുന്നു പ്രവർത്തനങ്ങൾ. പല്ലാരിമംഗലം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഹൈടെക് സംവിധാനത്തിലാക്കി, ഒന്നര കോടി രൂപയുടെ അടിസ്ഥാന സൌകര്യ വികസനങ്ങൾ പൈമറ്റം യുപി സ്കൂളിൽ നടത്തിയെനന്നതും അഭിമാന നേട്ടമായി ചൂണ്ടികാണിക്കുന്നു.
ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് ശുചിത്വ മേഖലയിൽ 90 ശതമാനം മാറ്റം കൊണ്ടു വരാൻ സാധിച്ചു, ഇതു വഴി പല്ലാരിമംഗലത്തെ ഹരിത പഞ്ചായത്തായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പഞ്ചായത്തിൻറെ പല വാർഡുകളിലെയും കുടിവെള്ള പ്രശ്നം പരിഹരിക്കാൻ വേണ്ട പദ്ധതികൾക്കൊപ്പം ജലസ്ത്രോതസുകൾ നവീകരിക്കുന്നതിലും ശ്രദ്ധ ചെലുത്തി.
ദാരിദ്ര്യ നിർമാർജ്ജനവുമായി ബന്ധപ്പെട്ട് 53 കുടുംബങ്ങളെ കണ്ടെത്തി ഓരോ മാസവും അവർക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു, കൂടാതെ മരുന്ന് വിതരണവും നടത്തി പോന്നു. മറ്റേത് ഭരണ സമിതി നൽകിയതിലും അധികമായി പാർപ്പിടം നൽകാനായതിൻറെ അഭിമാനവും ഭരണകക്ഷി പങ്കുവെച്ചു. 118 വീടുകൾ, 142 വീടുകളുടെ അറ്റകുറ്റപ്പണികൾ, 30ഓളം ശൌചാലയങ്ങൾ എന്നിവയും വികസന നേട്ടമായി എടുത്ത് പറയുകയാണ് പല്ലാരിമംഗലം ഭരണ സമിതി.
സമഗ്ര മേഖലയിലുള്ള വികസന പ്രവർത്തനങ്ങൾ ഉയർത്തി കാട്ടി തന്നെയാണ് വരും തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നത്. പൂർണ്ണ വിജയ പ്രതീക്ഷയിലാണ് ഇവരുടെ പ്രവർത്തനങ്ങളും.

