കോതമംഗലം: കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന്റെ അനുമതി കിട്ടാതെ വർഷങ്ങളോളമായി മുടങ്ങിക്കിടക്കുന്ന ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നടത്തിയത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് നടത്തുന്ന പ്രഹസനം ആണെന്ന് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബാബു പോൾ ആരോപിച്ചു.
കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന്റെ അനുമതി കിട്ടാതെ വർഷങ്ങളോളമായി ഇതു മുടങ്ങിക്കിടക്കുകയാണ്. വനം, പൊതുമരാമത്ത്, ജലസേചന വകുപ്പുകൾ സംയുക്ത പരിശോധന നടത്തി പദ്ധതി അംഗീകാരത്തിനായി കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന് അയച്ചെങ്കിലും വനം വകുപ്പിന്റെ വിയോജിപ്പു മൂലം അനുകൂലമായ യാതൊരു തീരുമാനവും നാളിതുവരെ ഉണ്ടായിട്ടില്ല. മുൻ എംഎൽഎ എം.വി. മാണിയും ബാബു പോളും ജലസേചന മന്ത്രിയെ നേരിൽ കാണുകയും പലതവണ സംസാരിക്കുകയും ചെയ്തെങ്കിലും തുക അനുവദിക്കുക എന്നല്ലാതെ മറ്റൊന്നും തനിക്ക് ചെയ്യാനില്ല എന്നാണ് മന്ത്രിയിൽനിന്നും ലഭിച്ച മറുപടി.
പദ്ധതി അധികവും വനത്തിലൂടെ പോകുന്നതുകൊണ്ട് കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന്റെ അംഗീകാരം ആവശ്യമാണ്. അത് നാളിതുവരെ ലഭ്യമായിട്ടില്ല. വനത്തിലൂടെ വലിയ കുഴിതാഴ്ത്തി പൈപ്പ് ഇട്ടു വേണം ഇത് വെള്ളാമക്കുത്ത് തോട്ടിലേക്ക് എത്തിക്കുവാൻ . ഇതിന് അനുമതി നൽകാർ വനം വകുപ്പ് തയ്യാറായിട്ടില്ല.
സംയുക്ത പരിശോധനയിലും വനംവകുപ്പ് വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. വനംവകുപ്പിന്റേതല്ലാത്ത സ്ഥലത്ത് കെട്ടിടം പണി നടത്താം എന്നല്ലാതെ പദ്ധതിയുടെ തുടർ ജോലികൾക്ക് വനം വകുപ്പ് യാതൊരു രീതിയിലും അംഗീകാരം നൽകില്ല എന്നറിഞ്ഞുകൊണ്ട് നടത്തിയ ഉദ്ഘാടന മഹാമഹം ജനങ്ങളെ പറ്റിക്കുന്നതിനും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നിൽ കണ്ടുകൊണ്ടുമാണെന്ന് ബാബു പോൾ ആരോപിച്ചു.

