കോതമംഗലം: കേരള പഞ്ചായത്ത് വാർത്താ ചാനലിന്റെ മികച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനുള്ള സംസ്ഥാന സ്മൃതി പുരസ്കാരത്തിന് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ അർഹനായി. തിരുവനന്തപുരം വൈഎംസിഎ ഹാളിൽനടന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാനിൽനിന്നും ഉപഹാരവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം പി.എ.എം. ബഷീർ ഏറ്റുവാങ്ങി. 2020-2025 കാലയളവിൽ മികച്ച വികസന പ്രവർത്തനം നടത്തിയ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളെയാണ് അവാർഡ് നൽകി ആദരിച്ചത്.
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് കഴിഞ്ഞ രണ്ട് വർഷവും പദ്ധതി നിർവഹണത്തിൽ സംസ്ഥാനത്ത് ഒന്നാംസ്ഥാനം നേടിയിരുന്നു. 2020-2025 കാലഘട്ടം കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വ്യത്യസ്തങ്ങളായ ജനപ്രിയ പദ്ധതികൾ ഏറ്റെടുത്ത് ജനശ്രദ്ധ നേടിയിരുന്നു. മറ്റ് ബ്ലോക്ക് പഞ്ചായത്തുകൾ ഏറ്റെടുക്കാത്ത 37 ചെറുകിട കുടിവെള്ള പദ്ധതികളും 15 കളിസ്ഥലങ്ങളും 206 സ്മാർട്ട് അങ്കണവാടികളും, തുടങ്ങി നിരവധി പദ്ധതികൾ ഏറ്റെടുത്ത് സമയബന്ധിതമായി പൂർത്തീകരിച്ചു. കൂടാതെ ക്ഷീര മേഖലയിൽ കൂടുതൽ തുക ചെലവഴിച്ചതിന് രണ്ടുതവണ ക്ഷീര വികസന വകുപ്പിന്റെ അവാർഡ് നേടിയിരുന്നു.

