കോതമംഗലം
പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറ രാജീവ് ഗാന്ധി നഗറിലെ അഞ്ച് കുടുംബങ്ങൾക്ക് പട്ടയത്തിനുള്ള നടപടിയായതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. താലൂക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. പ്രകൃതിക്ഷോഭത്തിൽ രാജീവ് ഗാന്ധി നഗറിലെ ഒരുവീട് പൂർണമായും നിലംപൊത്തുകയും നാല് വീടുകൾ വാസയോഗ്യമല്ലാതാകുകയും ചെയ്തിരുന്നു. വീടുകൾ രാജീവ് ഗാന്ധി ദശലക്ഷം പദ്ധതിപ്രകാരം ഹൗസിങ് ബോർഡ് പണിതുനൽകിയതാണ്. ഭൂമിയുടെ ഉടമസ്ഥാവകാശം ഹൗസിങ് ബോർഡിൽ നിലനിർത്തുകയും ചെയ്തിരുന്നു. ഇതുമൂലം കുടുംബങ്ങൾക്ക് കൈവശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനോ, കരമടക്കാനോ ലൈഫ് ഭവനപദ്ധതിയുടെ ഭാഗമാകുന്നതിനോ സാധിച്ചിരുന്നില്ല. വസ്തുക്കൾ ഇപ്പോൾ ഹൗസിങ് ബോർഡിൽനിന്ന് സർക്കാരിലേക്ക് മാറ്റിയതോടെയാണ് കുടുംബങ്ങൾക്ക് പട്ടയം നൽകാൻ സാഹചര്യമുണ്ടായത്. യോഗത്തിൽ എംഎൽഎ അധ്യക്ഷനായി. തഹസിൽദാർ എം അനിൽകുമാർ, ഷിബു പടപ്പറമ്പത്ത്, ജെസി സാജു, കെ കെ ശിവൻ, എം എസ് എൽദോസ്, എ കെ ഗോവിന്ദൻ, ബേബി പൗലോസ് എന്നിവർ സംസാരിച്ചു.

