കോതമംഗലം
തങ്കളം–കാക്കനാട് നാലുവരിപ്പാതയ്‌ക്ക് പുതിയ കരട് രൂപരേഖ തയ്യാറാക്കിയതായും സാധ്യത പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് കിഫ്‌ബിയിൽ സമർപ്പിച്ചതായും തുടർനടപടികൾ വേഗത്തിലാക്കുമെന്നും പൊതുമരാമത്തുമന്ത്രി പി എ മുഹമ്മദ് റിയാസിനുവേണ്ടി മന്ത്രി വീണാ ജോർജ് നിയമസഭയിൽ അറിയിച്ചു. കോതമംഗലം, – മൂവാറ്റുപുഴ,- പെരുമ്പാവൂർ-, കുന്നത്തുനാട് മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന നിർദിഷ്ടപാത 27 കിലോമീറ്ററുണ്ട്. വി എസ് സർക്കാരിന്റെ കാലത്ത് 2009–10 വർഷത്തിലാണ് കോതമംഗലം മണ്ഡലത്തിലെ ഒരു കിലോമീറ്ററോളം ദൂരത്തിൽ റോഡിന്റെ നിർമാണം പൂർത്തീകരിച്ചത്. പിന്നീട് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2019ൽ കോതമംഗലം പട്ടണത്തോട് ബന്ധിപ്പിക്കുന്ന പ്രദേശത്ത് അരക്കിലോമീറ്റർകൂടി പൂർത്തിയാക്കി. തുടർച്ചയിൽ കിഫ്ബി പദ്ധതിയായി മുന്നോട്ടുകൊണ്ടുപോകാൻ തീരുമാനിച്ചുവെങ്കിലും നേരത്തേ നിശ്ചയിച്ചിരുന്ന അലൈൻമെന്റ് ഇന്ത്യൻ റോഡ് കോൺഗ്രസ് മാനദണ്ഡപ്രകാരം ഡിസൈൻ ചെയ്യാൻ സാധ്യമല്ല എന്നും ഡിസൈൻ വിഭാഗം കണ്ടെത്തിയതിനെ തുടർന്ന് പദ്ധതി പ്രതിസന്ധിയിലാകുകയായിരുന്നു. ഈ പദ്ധതിയുടെ അടിയന്തരപ്രാധാന്യം കണക്കിലെടുത്ത് തുടർനടപടി വേഗത്തിലാക്കണമെന്ന് ആന്റണി ജോൺ എംഎൽഎ സഭയിൽ ആവശ്യപ്പെട്ടു.

