കോതമംഗലം
കോതമംഗലം മാർ തോമ ചെറിയപള്ളിയിൽ കബറടങ്ങിയിരിക്കുന്ന യൽദോ മാർ ബസേലിയോസ് ബാവായുടെ 340–-ാം ഓർമപ്പെരുന്നാളിന് തുടക്കമായി. പള്ളി വികാരി ഫാ. ജോസ് മാത്യു തച്ചേത്തുകുടി കൊടിയേറ്റി. ചക്കാലക്കുടി ചാപ്പലിൽനിന്ന് പ്രദക്ഷണമായി പള്ളിയിൽ എത്തിച്ചേർന്ന് ധൂപ പ്രാർഥനയ്ക്കുശേഷമാണ് കൊടിയുയർത്തിയത്. പ്രാർഥനയ്ക്ക് മേഖലാ മെത്രാപോലീത്ത ഏലിയാസ് മോർ യൂലിയോസ് തിരുമേനി മുഖ്യകാർമികനായി. എംഎൽഎമാരായ ആന്റണി ജോൺ, എൽദോസ് കുന്നപ്പള്ളി, മാത്യു കുഴൽനാടൻ, ഫാ. സാജു ജോർജ്, ഫാ. എൽദോസ് ചെങ്ങമനാട്ട്, ഫാ. അമൽ കുഴികണ്ടത്തിൽ, ഫാ. നിയോൺ പൗലോസ്, ഫാ. സിച്ചു രാജു തുടങ്ങിയവർ പങ്കെടുത്തു. വെള്ളിയാഴ്ച കൽക്കുരിശിലെ പെരുന്നാൾ നടത്തും. അഞ്ചിന്മേൽ കുർബാനയ്ക്ക് സിംഹാസന പള്ളികളുടെ മെത്രാപോലീത്ത ഗീവറുഗീസ് മോർ അത്താനാസിയോസ് നേതൃത്വം നൽകും.

